ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
മഹാഭാരത കഥയിലെ മഹിഷാസുര നിര്‍മ്മിത പട്ടണമാണിതെന്നും മഹിഷ പട്ടണം ലോപിച്ച് മലപ്പട്ടമായതാണെന്നുമാണ് ഒരു വാദം അതല്ല മലയടിവാരത്ത് പട്ടണമുണ്ടായ സ്ഥലം മലപ്പട്ടണം ലോപിച്ച് മലപ്പട്ടമായതാണെന്ന് ചിലര്‍. ഏതായാലും ലിഖിത രേഖകള്‍ പേരിന്റെ ചരിത്രത്തിന് പിന്നിലില്ല.
എ.ഡി 1000നും 1500നും ഇടയില്‍ വാണ മൂഷിക രാജാക്കന്മാരില് ഒരാളായ ശ്രീകണ്ഠന് ശ്രീകണ്ഠപുരം സ്ഥാപിച്ചപ്പോള്‍ തൊട്ടടുത്ത മലപ്പട്ടം ശ്രീകണ്ഠ രാജാവിന്റെ അധീനതയിലാണെന്ന് തെളിവുണ്ട്. ബ്രാഹ്മണ മേധാവിത്വം നിലനിന്ന ഒരു പ്രദേശമായിരുന്നു ഇത് ഇന്നത്തെ നദീതീരക്ഷേത്ര സംസ്കാരവും താളിയോല രേഖകളും അത് സൂചിപ്പിക്കുന്നു.
നാടുവാഴിത്ത കാലത്തെ ഉച്ച നീചത്വങ്ങളില്പ്പെട്ട് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നരുടെ ചരിത്രങ്ങള്‍ക്ക് തെളിവുണ്ട്. സവര്‍ണ്ണ കുടുംബത്തിലെ സ്ത്രീയെ കീഴ് ജാതിക്കാരന് വിവാഹം ചെയ്തതിന്റെ പേരില്‍(മലയസമുദായക്കാരന്) തലവെട്ടി കൊലപ്പെടുത്തിയ ചരിത്രുമുണ്ട്.’ മലയനെ കൊത്തിയ കരിയും, ഭാര്യയെ കൊത്തിയ കരി (ഹൈസ്ക്കൂള് പരിസരം ) കൂവം പറമ്പ് ഇതിന്റെ സാക്ഷ്യപത്രങ്ങളാണ്.കൊളന്തയിലെ ഹരിജന്‍ പൊള്ളയാണ് മറ്റൊരു രക്തസാക്ഷി. സവര്‍ണ്ണ യുവതി യാത്രാമദ്ധ്യെ കൊട്ടക്കപ്പഴം പറിക്കവെ മുള്ളില്‍ പുടവ കൊരുത്തപ്പോള്‍ അടുത്തുണ്ടായ ,സ്ത്രീയുടെ നഗ്നത കണ്ടത്തിന്റെ പേരിലാണ് സവര്ണ്ണന് പൊള്ളയെ കൊല ചെയ്തത്.
ഇസ്ലാം മതം മലപ്പട്ടത്ത് വേരോടിയത് 14 നൂറ്റാണ്ടിലാണ്. കച്ചവടത്തിനായി കോലത്ത് നാട്ടിലെത്തിയ അറബികള്‍ ശ്രീകണ്ഠപുരത്തും പീലിക്കോട്ടും താവളമുറപ്പിച്ചതു വഴിയാണ് ഈ മതവിഭാഗങ്ങള്‍ ഇവിടങ്ങളില്‍ ഉണ്ടായത് ചൂളിയാടാണ് ആദ്യ കേന്ദ്രം
ക്ഷേത്ര സംസ്കാരവുമായി ബന്ധപ്പെട്ട കലയും സംസ്കാരവും ഇവിടെ നിലനിന്നു വന്നു. അനുഷ്ഠാന കലയായ തെയ്യം ആറാം നൂറ്റാണ്ടോടെ ഇവിടെ ആരംഭിച്ചു. വിശ്വാസത്തിലധിഷ്ഠിതമായ തച്ചു മന്ത്രം,കണ്ണേറ്,കളംപാട്ട്,മന്ത്രവാദം,കോദാമൂരിപ്പാട്ട് ആടിവേടന്മാര് എന്നീ ആചാരങ്ങള്‍ സമീപകാലം വരെ നിലനില്ക്കുന്നു.
ആധുനിക ചരിത്രം.
ഈ നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ് ആധുനിക ചരിത്രം ആരംഭിക്കുന്നത്. ജാതിയ ഉച്ച നീചത്വങ്ങളായ തൊട്ടുകൂടായ്മ തീണ്ടികൂടായ്മ എന്നിവ ഇവിടെ കൊടി കുത്തി വാണിരുന്നു. 1920കളില്‍ ശ്രീനാരായണ ഗുരു തത്വ ചിന്തകള്‍ ഇവയ്ക്കെതിരെ ചോദ്യമുയര്‍ത്തി. ഇതിന്റെ വകഭേദമായ മനുഷ്യമൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്കി കൊണ്ട് ശിവാനന്ദ സ്വാമിയും വേശാല സ്വാമികളും മലപ്പട്ടത്ത് വന്ന് ബോധവത്കരണം നടത്തുകയും ചെയ്തു. പന്തിഭോജനം ജാതി നിഷേധം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ ആദ്യത്തെ സംഘടിത സാമൂഹ്യ പരിവര്‍ത്തന പ്രസ്ഥാനമായി ഇത് മാറി.
1936ലാണ് മലപ്പട്ടത്ത് ദേശീയ പ്രസ്ഥാനത്തിന്റെ വിത്ത് പാകിയത് കര്‍ഷക പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ അടിമത്വത്തില്‍ കഴിഞ്ഞ ജനങ്ങളെ സാമ്യൂഹ്യ പരിവര്‍ത്തനത്തില്‍ പങ്കാളികളാക്കാനും സാമ്രാജ്യത്വ വാഴ്ചക്കെതിരെ പ്രതികരിക്കാനുള്ള ശക്തികളാക്കാനുമുള്ള സുസംഘടിത പ്രവര്‍ത്തനങ്ങള്‍ നടന്നു.
വിദ്യാഭ്യാസ സംസ്കാരിക രംഗം
നമ്പൂതിരി ഇല്ലങ്ങളിലെ ഗുരുകുല വിദ്യാഭ്യാസമാണ് ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ അടിവേര്. കീഴ് ജാതിക്കാര്‍ക്ക് വിദ്യാഭ്യാസ നിഷിദ്ധമായിരുന്നു. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാമര്‍ഗുരു സ്ഥാപിച്ച സ്ക്കൂളാണ് (ഇന്നത്തെ ആര്.ജി.എം സ്ക്കൂള്)ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം .ബ്രിട്ടിഷ് ഗവണ്മെന്റ് മലബാറില്‍ അംഗീരിച്ച 24 സ്ക്കൂളില്‍ ഒന്നായിരുന്നു ഇത് നാരായവും എഴുത്തോലയുമായിരുന്നു അന്ന് ഉപയോഗത്തിലിരുന്നത്. 1940ല്‍ കാപ്പാട്ടുകുന്നിലും തുടര്‍ന്ന് ചൂളിയാട്, ചെടിച്ചേരി എന്നിവിടങ്ങളിലും ഔദ്യോഗിക പാഠശാലകള്‍ വന്നു. 1958ലാണ് കൊളന്ത സ്ക്കൂള് രൂപം കൊണ്ടത് 1981ല്‍ മലപ്പട്ടം ഹൈസ്ക്കൂള് നിലവില്‍ വരുന്നതു വരെ മയ്യില്‍ ശ്രീകണ്ഠാപുരം ഇരിക്കൂര്‍ ഹൈസ്ക്കൂളിലാണ് കുട്ടികള്‍ പഠിച്ചത്.
സംസ്കാരിക കേന്ദ്രമെന്ന നിലയില്‍ ഒരു വായനശാല ആദ്യമായി സ്ഥാപിച്ചത് 1936ല്‍ കര്‍ഷക സംഘത്തിന്റെ നേതൃത്ത്വത്തില്‍ പൂക്കണ്ടത്തിലാണ് നിശാപാഠശാലകളായി ഇത് പ്രവര്‍ത്തിച്ചു വന്നത്. നാടകസംഘം, കോല്‍ക്കളി സംഘം, ഗായക സംഘം എന്നിവയൊക്കെ സാമൂഹ്യ പരിവര്‍ത്തനത്തിന് ഉതകിയ മാധ്യമങ്ങളായിരുന്നു.