സ്ഥാപന തല ചരിത്രം
കണ്ണൂർ ജില്ലയുടെ ഹൃദയഭാഗത്ത് മലയോരമേഖലയോട് ചേർന്ന് കിടക്കുന്നതും ഇടനാട്ടിൽ ഉൾപ്പെടുന്നതുമായ ഒരു ചെറിയ ഗ്രാമപഞ്ചായത്താണ് മലപ്പട്ടം. കുന്നിൻ പ്രദേശങ്ങളും താഴ് വരകളും സമതലങ്ങളും വയലേലകളും ഇവിടം മനോഹരമാക്കുന്നു. ഈ പ്രദേശത്തിന്റെ മൂന്ന് ഭാഗവും പുഴകളാൽ ചുറ്റപ്പെട്ട് കിടക്കുന്നതാണ്. ഉത്തര അക്ഷാംശം 10ഡിഗ്ര 41മിനിറ്റിനും 11ഡിഗ്രി 10 മിനിറ്റിന് ഇടയിലുംകിഴക്കേ രേഖാംശം 70 ഡിഗ്രി11 മിനിറ്റിനും ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മലപ്പട്ടം എന്ന് പേര് വരാൻ ഉള്ള കാരണം ചരിത്രരേഖയിലെവിടെയും പരാമർശിക്കപ്പെടുന്നില്ല. മഹാഭാരതകഥയിലെ മഹിഷാസുരൻ നിർമ്മിച്ചപട്ടണമാണ് ഇതെന്നും മഹിഷപട്ടണം ലോപിച്ച് മലപ്പട്ടമായതാണ് എന്നതാണ് ഒരു വാദം. മലയടിവാരത്ത് പട്ടണമുണ്ടായ സ്ഥലം മലപ്പട്ടണമായും പിന്നീടത് കാലക്രമേണ മലപ്പട്ടമായും അറിയപ്പെട്ടു എന്നതാണ് മറ്റൊരു വാദം. നിലവിൽ ഈ ഗ്രാമപഞ്ചായത്ത് കണ്ണൂർജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ ഇരിക്കൂർ ബ്ലോക്കിൻ്റെ പരിധിയിലാണ് വടക്ക് ശ്രീകണ്ഠപുരം പുഴയും തെക്ക് വളപട്ടണം പുഴയും പടിഞ്ഞാറ് ഭാഗത്തായി ചെങ്ങളായി പുഴയും മലപ്പട്ടം പഞ്ചായത്തിന്റെ അതിരുകളായി ഒഴുകുന്നു. കൂടാതെ കിഴക്ക് ഭാഗം ഇരിക്കൂർ പഞ്ചായത്തുമായി അതിര് പങ്കിടുന്നു. 19.34 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്തെ ഭരണപരമായ സൌകര്യങ്ങൾക്ക് വേണ്ടി നിലവിൽ പതിമൂന്ന് വാർഡുകളായി തിരിച്ചിരിക്കുന്നു.
ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രം,കൊടക്കാട്ടേരി മഹാവിഷ്ണുക്ഷേത്രം,അടിച്ചേരി കല്ലോത്ത് ശിവക്ഷേത്രം,അടൂർ മഹാശിവക്ഷേത്രം,മലപ്പട്ടം ജുമാ മസ്‌ജിദ്,അടിച്ചേരി ജുമാ മസ്‌ജിദ്,ചൂളിയാട് ജുമാ മസ്ജിദ്, എന്നിവയാണ് പ്രദേശത്തെ പ്രധാനപ്പെട്ട ആരാധനാലയങ്ങൾ. മലപ്പട്ടം ദുർഗ്ഗാ ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ട സാമൂഹ്യ-സാംസ്കാരിക ബന്ധങ്ങളാണ് നിലനിന്നിരുന്നത്. ഈ ക്ഷേത്രത്തിന് കീഴിലും അനുബന്ധമായി 18 വിവിധ ക്ഷേത്രങ്ങൾ മലപ്പട്ടത്ത് സ്ഥാപിക്കപ്പെട്ടു. ക്ഷേത്രനടത്തിപ്പ് ചെലവിലേക്കായി നീക്കിവെക്കപ്പെട്ട സ്ഥലനാമങ്ങളാണ് പുതുശ്ശേരിപാട്ടം, പൂവിന് പൂക്കണ്ടം, ചന്ദനത്തിന് ചന്ദനക്കണ്ടം, വാദ്യത്തിന് കൊട്ടുരുത്തി, നികുതിക്ക് കുണ്ട്യാൽ, പാലിന് പാൽക്കണ്ടം, വെളിച്ചെണ്ണക്ക് നെയ്പ്പാട്ടം, ആശാരിക്ക് തച്ചർക്കണ്ടം, മുതലായവ.
1954 ലാണ് മലപ്പട്ടം പഞ്ചായത്ത് രൂപീകൃതമായത്. അതിനുമുമ്പ് ഇരിക്കൂർ അഭിവക്ത പഞ്ചായത്തായിരുന്നു അന്ന് കൈ പൊക്കിയുള്ള വോട്ടിങ് സമ്പ്രദായമായിരുന്നു. ശ്രീ. അളവൂർ കൃഷ്ണൻ നമ്പ്യാർ പ്രസിഡൻ്റം ഐക്കോത്ത് അബ്ദ വൈസ് പ്രസിഡന്റായുമുള്ള ഭരണസമിതിയിൽ പി.പി കുഞ്ഞിരാമൻ, കെ.കെ ഗോവിന്ദൻ, കെ. ആർ നാരായണൻ നമ്പ്യാർ അടിച്ചത്ത് കോരൻ വി.വി കുഞ്ഞിരാമൻ എന്നിവർ അംഗങ്ങളായിരുന്നു.