വിദ്യാഭ്യാസ സാംസ്ക്കാരിക ചരിത്രം

          നമ്പൂതിരി ഇല്ലങ്ങളിലെ ഗുരുകുല വിദ്യാഭ്യാസമാണ് ഇവിടുത്തെ വിദ്യാഭ്യാസത്തിന്‍റെ അടിവേര്. കീഴ് ജാതിക്കാര്‍ക്ക് വിദ്യാഭ്യാസ നിഷിദ്ധമായിരുന്നു. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാമര്‍ഗുരു സ്ഥാപിച്ച സ്ക്കൂളാണ് (ഇന്നത്തെ ആര്‍.ജി.എം സ്ക്കൂള്‍)ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം .ബ്രിട്ടിഷ് ഗവണ്‍മെന്‍റ് മലബാറില്‍ അംഗീരിച്ച 24 സ്ക്കൂളില്‍ ഒന്നായിരുന്നു ഇത് നാരായവും എഴുത്തോലയുമായിരുന്നു അന്ന് ഉപയോഗത്തിലിരുന്നത്. 1940ല്‍ കാപ്പാട്ടുകുന്നിലും തുടര്‍ന്ന് ചൂളിയാട്, ചെടിച്ചേരി എന്നിവിടങ്ങളിലും ഔദ്യോഗിക പാഠശാലകള്‍ വന്നു. 1958ലാണ് കൊളന്ത സ്ക്കൂള്‍ രൂപം കൊണ്ടത് 1981ല്‍ മലപ്പട്ടം ഹൈസ്ക്കൂള്‍ നിലവില്‍ വരുന്നതു വരെ മയ്യില്‍ ശ്രീകണ്ഠാപുരം ഇരിക്കൂര്‍ ഹൈസ്ക്കൂളിലാണ് കുട്ടികള്‍ പഠിച്ചത്. 

          സംസ്കാരിക കേന്ദ്രമെന്ന നിലയില്‍ ഒരു വായനശാല ആദ്യമായി സ്ഥാപിച്ചത് 1936ല്‍ കര്‍ഷക സംഘത്തിന്‍റെ നേതൃത്ത്വത്തില്‍‍ പൂക്കണ്ടത്തിലാണ് നിശാപാഠശാലകളായി ഇത് പ്രവര്‍ത്തിച്ചു വന്നത്. നാടകസംഘം, കോല്‍ക്കളി സംഘം, ഗായക സംഘം എന്നിവയൊക്കെ സാമൂഹ്യ പരിവര്‍ത്തനത്തിന് ഉതകിയ മാധ്യമങ്ങളായിരുന്നു. കണ്ണൂര്‍ ജില്ലയിലെ ചെറിയ പഞ്ചായത്തുകളില്‍ ഒന്നാണ് മലപ്പട്ടം പഞ്ചായത്ത്. 1930 കളില്‍ ആരംഭിച്ച വായനശാലകളും ഗ്രന്ഥശാലകളും മറ്റ് പ്രാദേശിക കലാസംസ്കാരിക കേന്ദ്രങ്ങളും ജനങ്ങളുടെ സംസ്കാരിക ബോധനിലവാരം ഉയര്‍ത്തി കൊണ്ടു വരുന്നതിന് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മലപ്പട്ടം പഞ്ചായത്തില്‍ 18 വായനശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തിന്‍റെ അധീനതയില്‍ ഒരു സംസ്കാരിക നിലയം പ്രവര്‍ത്തിച്ചു വരുന്നു. 9 കലാകായിക സമിതികളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ സര്‍വ്വീസ് ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലകളില്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് ജോലി നേടിക്കൊടുക്കുന്നതില്‍ പങ്ക് സ്തുത്യര്‍ഹമാണ്. 

     മുന്‍ കാലങ്ങളില്‍ കൃഷിയും കാലിവളര്‍ത്തലുമായിരുന്നു പ്രധാന തൊഴില്‍ മാര്‍ഗങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗ്രന്ഥശാലകളുടെയും ആവിര്‍ഭാവത്തോടെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും പഞ്ചായത്തിലെ മിക്ക കുടുംബങ്ങളിലും ഒരു സര്‍ക്കാര്‍ ജീവനക്കാരെങ്കിലും ഉണ്ടാവുന്ന സ്ഥിതി വന്നു.  ഇന്ന് മറ്റ് സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും നിരവധി പേര്‍ ജോലി ചെയ്ത് വരുന്നു.